ഇളം കരിക്കിന്റെ കുളിരനുപമം,
ഇളനീരതിന്റെ മധുരമുന്മേഷം,
നാളികേരം, അമൃതമാണെന്റെ,
കേരള നാടിതു ദേവരാജ്യവും! - ഇന്ദു -

Wednesday, March 28, 2007

കൊപ്ര സംഭരണം: ക്രമക്കേടിന് പഴുതുകളേറെ

മില്‍ കൊപ്ര ക്വിന്റലിന്‌ 3620 രൂപയ്ക്കും ഉണ്ടക്കൊപ്ര 3870 രൂപയ്ക്കുമാണു സംഭരിക്കുക। എത്ര കോടി രൂപ വേണമെങ്കിലും ഇതിനായി നാഫെഡ്‌ മുഖേന നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാണ്‌। മില്‍ കൊപ്രയ്ക്കു വിപണിയില്‍ 3100 രൂപയും ഉണ്ടക്കൊപ്രയ്ക്കു 3325 രൂപയുമേയുള്ളു। സംഭരണം തുടങ്ങിയാല്‍ മില്‍ കൊപ്രയ്ക്ക്‌ 520 രൂപയും ഉണ്ടക്കൊപ്രയ്ക്ക്‌ 545 രൂപയും ഒറ്റയടിക്കു ലാഭം കിട്ടും. ഇതുമൂലം പല വ്യാപാരികളും വിവിധ സംഘങ്ങളുടെ പേരില്‍ വന്‍തോതില്‍ കൊപ്ര സംഭരിച്ചു ഗോഡൗണുകളില്‍ സൂക്ഷിച്ചിരിക്കുകയാണ്‌. ഇതു നാഫെഡിനു നല്‍കിയാല്‍ വന്‍ തുകയായിരിക്കും അവര്‍ക്കു ലഭിക്കുക.സംഭരണം നടത്തുന്നത്‌ 2005 സെപ്റ്റംബര്‍ മൂന്നിലെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കുമെന്നു പുതിയ ഉത്തരവില്‍ പറയുന്നുണ്ടെങ്കിലും അന്നത്തെ ഉത്തരവിലെ പ്രധാന ഖണ്ഡിക ഒഴിവാക്കിയിരിക്കുകയാണ്‌.സംഭരണം നടത്തുന്ന സൊസൈറ്റികളെ തിരഞ്ഞെടുക്കാന്‍ കലക്ടര്‍ ചെയര്‍മാനായ സമിതി വേണം, മുന്‍പു ക്രമക്കേടു കാട്ടിയ സംഘങ്ങളേയും സാമ്പത്തിക ഭദ്രതയില്ലാത്തവരേയും ഒഴിവാക്കണം എന്നീ നിബന്ധനകളാണ്‌ ഈ ഖണ്ഡികയില്‍ ഉണ്ടായിരുന്നത്‌.പുതിയ ഉത്തരവില്‍ നിന്ന്‌ ഈ വ്യവസ്ഥകള്‍ പോയതോടെ മുന്‍പു ക്രമക്കേടു കാട്ടിയ സൊസൈറ്റികള്‍ക്കും സംഭരണത്തില്‍ പങ്കാളികളാകാം. കലക്ടര്‍ അധ്യക്ഷനായ സമിതി നിലവിലില്ലാത്തതിനാല്‍ കേരഫെഡ്‌ അംഗീകരിച്ച എല്ലാ സംഘങ്ങള്‍ക്കും സംഭരണത്തില്‍ പങ്കെടുക്കാം.എന്നാല്‍ 2000-01ല്‍ കേരഫെഡ്‌ അംഗീകരിച്ച 146 സംഘങ്ങളില്‍ 110 സംഘങ്ങളും ക്രമക്കേടു കാട്ടിയിരുന്നു. ഈ സാഹചര്യത്തില്‍ സൊസൈറ്റികളെ തിരഞ്ഞെടുക്കാന്‍ സമിതിയില്ലെങ്കില്‍ ഇക്കൊല്ലവും വന്‍ ക്രമക്കേടു നടക്കും.മുന്‍ വര്‍ഷങ്ങളില്‍ നിന്നു വ്യത്യസ്‌തമായി ഉണ്ടക്കൊപ്രയും ഇത്തവണ സംഭരിക്കുന്നുണ്ട്‌. കര്‍ഷകര്‍ ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടിട്ടും പച്ചത്തേങ്ങ സംഭരിക്കാന്‍ ഒരു നിര്‍ദേശവും ഉത്തരവിലില്ല. കൃഷി ഓഫിസറുടെ സര്‍ട്ടിഫിക്കറ്റുമായി ചെല്ലുന്നവരുടെ കൊപ്രയേ സംഭരിക്കൂ എന്ന്‌ ഉത്തരവിലുണ്ട്‌.പക്ഷേ കൃഷിക്കാരന്‌ എത്ര ഏക്കര്‍ തെങ്ങുകൃഷിയുണ്ടെന്നും എത്ര നാളികേരം ലഭിക്കുമെന്നുമുള്ള സര്‍ട്ടിഫിക്കറ്റ്‌ മതിയാകും. സര്‍വേ നമ്പരും മറ്റും ആവശ്യമില്ല. നാളികേര കൃഷിക്കു സര്‍ട്ടിഫിക്കറ്റ്‌ നല്‍കുമ്പോള്‍ ഏക്കര്‍ കണക്കിനു പറയാറില്ല. തെങ്ങിന്റെ എണ്ണമാണു പറയേണ്ടത്‌.ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇടത്തട്ടുകാരും വ്യാപാരികളും ശേഖരിച്ച കൊപ്ര വിവിധ സംഘങ്ങളിലൂടെ നാഫെഡിന്റെ ഗോഡൗണിലെത്തും. 2000-01ല്‍ 85000 ടണ്ണാണു സംഭരിച്ചതെങ്കില്‍ ഇത്തവണ അതിന്റെ ഇരട്ടി വരുമെന്നു പ്രതീക്ഷിക്കുന്നു.തമിഴ്‌നാട്ടില്‍ നിന്നു കൊപ്രയും നാളികേരവും കൊണ്ടുവരുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച്‌ ഉത്തരവില്‍ ഒന്നുമില്ല. ഈ സാഹചര്യത്തില്‍ തമിഴ്‌നാട്‌ കൊപ്രയും സംഭരിക്കേണ്ടിവരും.
കടപ്പാട്‌: മലയാളമനോരമ

Tuesday, March 13, 2007

നാളികേരത്തിന്റെ ഇന്നത്തെ അവസ്ഥ

കാര്‍ഷിക സര്‍വകലാശാലയുടെ നാട്ടില്‍ ആയിരക്കണക്കിനു തെങ്ങുകള്‍ നശിക്കുന്നു. തൃശ്ശൂര്‍ ജില്ലയിലെ അന്തിക്കാട്, താന്ന്യം, ചാഴൂര്‍ പഞ്ചായത്തുകളില്‍ കുമിള്‍രോഗം പടര്‍ന്നുപിടിക്കുകയാണ്. കടദ്രവിക്കുകയും തടി ശോഷിക്കുകയും ഓലകള്‍ കുറയുകയും ചെറുതാവുകയും ചെയ്യുകയെന്നതാണ് രോഗലക്ഷണം. കുണ്ടോളിക്കടവ്, പാറളം, കോടന്നൂര്‍ ഭാഗങ്ങളില്‍ ആയിരക്കണക്കിനു തെങ്ങുകള്‍ മുമ്പേ നശിച്ചിട്ടുണ്ട്. മഞ്ഞളിപ്പ്, പട്ടകരിയല്‍, കൂമ്പുചീയല്‍ മുതലായ കേടുകള്‍ തീരദേശങ്ങളിലാകെ ബാധിച്ചിട്ടുണ്ട്. ആകെ ഉണങ്ങിയ തെങ്ങുകളും കുറവല്ല. വേനല്‍ ശക്തിപ്പെടുംതോറും രോഗാവസ്ഥയും വളരുകയാണ്. കര്‍ഷകര്‍ പരിഭ്രാന്തരാണ്. ഇന്നത്തെ നില തുടര്‍ന്നാല്‍ ജില്ലയുടെ മിക്കഭാഗങ്ങളിലും തെങ്ങുകള്‍ക്കാകെ രോഗം ബാധിക്കുമെന്ന് അവര്‍ ഭയപ്പെടുന്നു. തികച്ചും ഒരുപകര്‍ച്ചവ്യാധിയുടെ മട്ടിലാണ് രോഗം പടര്‍ന്നുപിടിക്കുന്നത്.
കടപ്പാട്‌ : മാതൃഭൂമി എഡിറ്റോറിയല്‍ 13-3-07