ഇളം കരിക്കിന്റെ കുളിരനുപമം,
ഇളനീരതിന്റെ മധുരമുന്മേഷം,
നാളികേരം, അമൃതമാണെന്റെ,
കേരള നാടിതു ദേവരാജ്യവും! - ഇന്ദു -

Thursday, October 11, 2007

കിലോയ്ക്ക് 11 രൂപ വിലയ്ക്ക് കേരഫെഡ് പച്ചത്തേങ്ങ സംഭരിക്കുന്നു

തിരുവനന്തപുരം: നാളികേരത്തിന് ന്യായവില കര്‍ഷകര്‍ക്ക് നേരിട്ട് നല്‍കുകയെന്ന ലക്ഷ്യവുമായി കേരഫെഡ് കര്‍ഷകരില്‍നിന്ന് പച്ചത്തേങ്ങ സംഭരിക്കുന്നു. കിലോയ്ക്ക് 11 രൂപാ നിരക്കിലാവും സംഭരണം. കമ്പോളവിലയിലും സംഭരണവിലയിലുമുള്ള കുറവ് പരിഹരിച്ച് മെച്ചപ്പെട്ട വില ലഭ്യമാക്കുന്നതിന് ഒരു നിശ്ചിത തുക സര്‍ക്കാര്‍ നല്‍കും. ഇത് എത്രയാണെന്ന കാര്യത്തില്‍ വ്യക്തമായ തീരുമാനമായിട്ടില്ല. ഇതിനായി സബ്സിഡിയിനത്തില്‍ മൂന്നുകോടി രൂപ പച്ചത്തേങ്ങ സംഭരണത്തിനുള്ള നോഡല്‍ ഏജന്‍സിയായ കേരഫെഡിന് നല്‍കാനാണ് സര്‍ക്കാരിന്റെ ആലോചന.

കര്‍ഷകരില്‍നിന്ന് നാളികേരം വെള്ളംകളഞ്ഞ് ചിരട്ടയടക്കം വെട്ടിത്തൂക്കി നേരിട്ടാണെടുക്കുക. ഒരുകിലോയ്ക്ക് ഏകദേശം രണ്ടര നാളികേരം വേണ്ടിവരും. ഇങ്ങനെ വരുമ്പോള്‍ ഒരു നാളികേരത്തിന് 4.50 രൂപയായിരിക്കും കര്‍ഷകന് കിട്ടുക. കമ്പോളവിലയേക്കാള്‍ കുറവാണിതെങ്കില്‍ സബ്സിഡി നല്‍കി വില ഉയര്‍ത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. സംഭരണ ചെലവായി 20 കോടി രൂപയോളം കേരഫെഡിന് മുതല്‍മുടക്കേണ്ടിവരും. നിലവിലെ സാഹചര്യത്തില്‍ കേരഫെഡിന് ഇത് അധികബാധ്യതയായതിനാല്‍ ബാങ്ക് മുഖേന വായ്പ ലഭ്യമാക്കും.

കുടുംബശ്രീ, സഹകരണസംഘങ്ങള്‍, കര്‍ഷക കൂട്ടായ്മ തുടങ്ങിയ ഏജന്‍സികള്‍ മുഖേനയാകും പച്ചത്തേങ്ങ സംഭരിക്കുക. ഇങ്ങനെ ശേഖരിക്കുന്ന തേങ്ങ അവര്‍ കൊപ്രയാക്കി കേരഫെഡിന് നല്‍കും. വര്‍ഷത്തില്‍ 5000 ടണ്‍ കൊപ്രയെങ്കിലും ഇപ്രകാരം സ്വീകരിക്കാനാണ് ലക്ഷ്യമിടുന്നത്. 3050 രൂപയാണ് ഇപ്പോള്‍ കൊപ്രയുടെ കമ്പോളവില. കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ നാഫെഡ് 3620 രൂപയും നല്‍കുന്നു. കര്‍ഷകര്‍ക്ക് കുറേക്കൂടി ആശ്വാസം കിട്ടത്തക്കവിധം 3680 രൂപയ്ക്ക് കൊപ്രയെടുക്കാനും കേരഫെഡ് ആലോചിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ കൊപ്രയ്ക്ക് താങ്ങുവില നല്‍കുന്നുണ്ടെങ്കിലും കേരളത്തിലെ കര്‍ഷകര്‍ക്ക് കാര്യമായ പ്രയോജനം ലഭിച്ചിരുന്നില്ല. ഇവിടെ നാളികേരം കൊപ്രയാക്കി നല്‍കുന്നവരുടെ എണ്ണം നാമമാത്രമാണ്. ഈ സാഹചര്യംകൂടി പരിഗണിച്ചാണ്പച്ചത്തേങ്ങ സംഭരണത്തിന് സര്‍ക്കാര്‍ മുന്‍കൈയടുത്തത്.

കിലോയ്ക്ക് എത്ര രൂപാ നിരക്കില്‍ പച്ചത്തേങ്ങ സംഭരിക്കണം, കര്‍ഷകര്‍ക്ക് എത്ര സബ്സിഡി നല്‍കണം, നോഡല്‍ ഏജന്‍സിയായ കേരഫെഡിന് മുതല്‍മുടക്കിനുള്ള തുക എങ്ങനെ ലഭ്യമാക്കണം എന്നിവയെ സംബന്ധിച്ച അന്തിമ തീരുമാനം മന്ത്രിസഭയാണെടുക്കേണ്ടത്. അടുത്തുചേരുന്ന മന്ത്രിസഭാ യോഗത്തില്‍ പച്ചത്തേങ്ങ സംഭരണത്തിനുള്ള അനുമതി ലഭിച്ചേയ്ക്കുമെന്നാണ് സൂചന. കഴിഞ്ഞ ഇടതുമുന്നണിയോഗം ഇക്കാര്യം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുകയും ചെയ്തിരുന്നു. അനുമതി ലഭിച്ചാലുടന്‍ നാളികേര സംഭരണത്തിനുള്ള നടപടികളുമായി കേരഫെഡ് മുന്നോട്ടുപോകും.

കോഴിക്കോട്, ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് പരീക്ഷണ പദ്ധതിയെന്ന നിലയില്‍ ഇതാദ്യം നടപ്പിലാക്കുക. വിജയമെന്നുകണ്ടാല്‍ അടുത്തവര്‍ഷം മുതല്‍ മറ്റുജില്ലകളിലേക്കും വ്യാപിപ്പിക്കും.
കടപ്പാട്‌: മാതൃഭൂമി 12-10-07

1 comment:

  1. അപ്പോ എന്നെ പ്പോലത്തെ വയസ്സന്മാരും .... ഈ ബ്ലോഗ് എഴുതുന്നുണ്ടല്ലേ?
    താങ്കളുടെ എഴുത്തുകള് കൂടുതല്‍ വായിച്ചതിനു ശേഷം എന്തെങ്കിലും പറയാം...
    pls avoid word varification...

    ReplyDelete